26 April 2024 Friday

ഒഡിഷ ട്രെയിൻ ദുരന്തം: ബോ​ഗികൾ മാറ്റുന്നതിനിടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവരുടെ എണ്ണം 288 കടന്നു; 56 പേരുടെ നില അതീവ ​ഗുരുതരം

ckmnews



രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. ആയിരത്തോളം പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ പലരുടേയും നില അതീവ ​ഗുരുതരമായി തന്നെ തുടരുകയാണ്. തകർന്ന് കിടക്കുന്ന ബോ​ഗികൾ മാറ്റുന്നതിനിടെ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തുന്ന ദാരുണമായ കാഴ്ചകൾക്കാണ് ഇന്നലെ ഏറെ വൈകിയും ബലാസോർ സാക്ഷ്യം വഹിച്ചത്. 


സംഭവസ്ഥലത്ത് ദുരന്ത നിവാരണപ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ നടപടി തുടങ്ങി. തകർന്ന പാളങ്ങൾ പുനസ്ഥാപിക്കുന്ന നടപടികൾ ആണ് പുരോഗമിക്കുന്നത്.ദുരന്തനിവാരണ പ്രവർത്തനത്തിനായി തകർന്ന ബോഗികൾ മാറ്റുന്നതിനിടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 56 പേരുടെ നില ഗുരുതരമാണ്. മരിച്ച ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.


അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും.