26 April 2024 Friday

200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ സ്ത്രീകൾക്കും സൗജന്യബസ് യാത്ര: അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ

ckmnews


അധികാരമേറ്റ് ഉടൻ‌ തന്നെ കോൺ​ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ​ഗൃഹജ്യോതി പദ്ധതിയ്ക്കും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ​ഗൃഹലക്ഷ്മി പദ്ധതിയ്ക്കും എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതിയ്ക്കും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതിയ്ക്കും സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയ്ക്കുമാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്. 


ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് സിദ്ധരാമയ്യ മന്ത്രിസഭ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന പദ്ധതി ഓ​ഗസ്റ്റ് 15 മുതലും നടപ്പിൽവരും. അന്ന ഭാ​ഗ്യ പദ്ധതി പ്രകാരമുള്ള അരി വിതരണവും ജൂലൈ മാസം മുതലായിരിക്കും ആരംഭിക്കുക. യുവനിധി പദ്ധതിയുടെ ഭാ​ഗമായി ഡിപ്ലോമ എടുത്ത തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1500 രൂപയും ബിരുദദാരികൾക്ക് മാസം 3000 രൂപയുമാണ് ധനസഹായമായി നൽകുക.


കോൺ​​ഗ്രസിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് വാ​ഗ്ദാനമാണ് എല്ലാ സ്ത്രീകൾക്കും സർക്കാർ ബസുകളിൽ അനുവദിക്കുന്ന സൗജന്യ യാത്ര. സിദ്ധരാമയ്യ അധികാരത്തിലേറി ഉടൻ തന്നെ ​ഗ്രാമപ്രദേശങ്ങളിലെ ചില സ്ത്രീകൾ സർക്കാർ ബസുകളിൽ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചത് ചർച്ചയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം പുറത്തെത്തിയിരിക്കുന്നത്. ഈ മാസം 11ന് തന്നെ ഈ പദ്ധതി പ്രാബല്യത്തിൽ വരും. സർക്കാരിന്റെ എ സി, ആഡംബര ബസുകളിലുൾപ്പെടെ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പിന് ആകെ പ്രതിവർഷം 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കോൺ​ഗ്രസ് കണക്കാക്കുന്നത്.