09 May 2024 Thursday

പരസ്യത്തിന് പണപ്പിരിവ് നടത്താന്‍ ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങളല്ല; മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

ckmnews


മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി 15000 രൂപ വീതം നൽകണമെന്ന ദേവസ്വം ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. വിവാദ ഉത്തരവിട്ട ദേവസ്വം കമ്മീഷണർക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.

കാടാമ്പുഴ ദേവീ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്‍റിലേക്ക് പരസ്യം ഇനത്തിൽ ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും 15000 രൂപ പിരിവായി നൽകണമെന്നായിരുന്നു മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവ്.ഉത്തരവിനെതിരെ ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. മഞ്ചേരി സ്വദേശി നൽകിയ ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹർജി ജൂൺ 16 ന് വീണ്ടും പരിഗണിക്കും.