09 May 2024 Thursday

പ്ലസ് വണ്‍ അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍; ട്രയല്‍ അലോട്ട്മെന്റ് 13-ന്

ckmnews


സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും.

മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്


മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക.

അതേസമയം ഈ വർഷത്തെ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു. 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 376135 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 82.95 % ആണ് ഇത്തവണത്തെ ഹയർസെക്കൻഡറി വിജയ ശതമാനം. സയൻസിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 0.92 ശതമാനമാണ് കുറവാണ് രേഖപ്പെടുത്തിയത്.


33815 വിദ്യാർഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഭാഗങ്ങളുമായി 432436 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് . വിജയ ശതമാനം കൂടിയ ജില്ല എറണാകുളമാണ് { 87.55%} . കുറവ് പത്തനംതിട്ട {76.59}.20 സ്കൂളുകളാണ് 100% വിജയം നേടിയത്. ഏറ്റവും കുടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 4897 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 28495 വിദ്യാർഥികള്‍ പരീക്ഷ എഴുതിയതിൽ 22338 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39 % ആണ് ഇത്തവണത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയ ശതമാനം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.13 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജില്ല വയനാടാണ്.