09 May 2024 Thursday

എസ്എഫ്ഐ ആൾമാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി

ckmnews

എസ്എഫ്ഐ ആൾമാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി


തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് തട്ടിപ്പിൽ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കി. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.


സംഭവത്തെക്കുറിച്ചു പഠിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാർ ശുപാർശ ചെയ്യും. സർവകലാശാലാ യൂണിയൻ കൗൺസിലർമാരുടെ പട്ടിക മരവിപ്പിക്കും.



സർവകലാശാലാ അധികൃതർ എല്ലാ കോളജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ ആരൊക്കെയാണെന്ന് ഉറപ്പാക്കിയ ശേഷമേ യൂണിയൻ തിരഞ്ഞെടുപ്പു നടത്തൂ. കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആൾമാറാട്ടം നടത്തി എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സർവകലാശാലയെ അറിയിച്ചതാണ് കേസ്.