09 May 2024 Thursday

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാർഷികദിനത്തിൽ പ്രതിഷേധവുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയും

ckmnews


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ദൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. 


അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വാര്‍ഷിക ദിനത്തിൽ രാപ്പകൽ സമരവുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിൽ സമരം തുടങ്ങി. അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധങ്ങളുടെയും സർക്കാരിന്റെ രണ്ടാം വാർഷിക ആഷോഘങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.