09 May 2024 Thursday

ആശുപത്രികൾക്ക് കുടിശിക കോടികൾ:മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നൽകാതെ കമ്പനികൾ

ckmnews

ആശുപത്രികൾക്ക് കുടിശിക കോടികൾ:മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നൽകാതെ കമ്പനികൾ


കോഴിക്കോട്∙ വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി ചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്കു സർക്കാർ കൊടുക്കാനുള്ളതു കോടിക്കണക്കിനു രൂപ. വൻ തുക കുടിശികയായതോടെ സർക്കാർ ആശുപത്രികളിലേക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെയും ജീവൻരക്ഷാ ഉപകരണങ്ങളുടെയും വിതരണം കമ്പനികൾ നിർത്തിവച്ചു. സർക്കാരിൽ നിന്നു കിട്ടേണ്ട തുക ലഭിക്കാത്തതിനാൽ വിവിധ പദ്ധതികളിലെ ചികിത്സ നിർത്താൻ സ്വകാര്യ ആശുപത്രികളും ഒരുങ്ങുകയാണ്.


കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട്, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് എന്നീ പദ്ധതികളിലായി കോടിക്കണക്കിനു രൂപയാണ് ആശുപത്രികൾക്കു നൽകാനുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിനു മാത്രം ഈ ഇനങ്ങളിലായി ലഭിക്കാനുള്ളത് 223.77 കോടി രൂപയാണ്. 



പണം ലഭിക്കാതായതോടെയാണ് ആശുപത്രികളിലേക്കുള്ള മരുന്ന്, സർജിക്കൽ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിതരണം കമ്പനികൾ നിർത്തിയത്. ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റ്, പേസ്മേക്കർ അടക്കമുള്ളവയുടെ വിതരണവും മു‌ടങ്ങി.