09 May 2024 Thursday

സർക്കാർ വാഹനങ്ങൾക്ക് ഇനി കെഎൽ 99 സീരിസ്:വിജ്ഞാപനം ഉടൻ പുറത്തിറങ്ങും

ckmnews


സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 എന്ന നമ്പർ സീരിസ് അനുവദിക്കാൻ തീരുമാനം. വി‍ജ്ഞാപനം ഉടൻ പുറത്തിറങ്ങും. ജനുവരിയിൽ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പുതിയ സീരിസ് നൽകാൻ ഗതാഗത വകുപ്പ് ശുപാർശ‌ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസിക്ക് അനുവദിച്ചതു പോലെ പ്രത്യേക ഓഫിസും ഇതിനായി തുറക്കും.


സർക്കാർ വാഹനങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും ദുരുപയോഗം തടയാനും പ്രത്യേക റജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്താൻ ഗതാഗത വകുപ്പിന്റെ ശുപാർശ. കെഎൽ– 99 എന്ന പൊതു സീരിസാണ് സർക്കാർ വാഹനങ്ങൾക്കു നിലവിൽ വരിക. ഇതിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കു കെഎൽ 99 എ എന്നും കേന്ദ്രസർക്കാർ വാഹനങ്ങൾക്കു കെഎൽ 99 ബി എന്നും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു കെഎൽ 99 സി എന്നും നമ്പർ നൽകുന്നതിനാണു ശുപാർശ. 



പൊതുമേഖലാ സ്ഥാപനങ്ങൾക്കു കെഎൽ 99 ഡി, സർവകലാശാല വാഹനങ്ങൾക്കു കെഎൽ 99 ഇ എന്നിങ്ങനെയാകാമെന്നും നിർദേശമുണ്ട്. നിലവിലുള്ള വാഹനങ്ങളെല്ലാം ഇൗ നമ്പറിലേക്കു മാറ്റുകയും ഇനിയുള്ള വാഹനങ്ങൾക്ക് ഇതുൾപ്പെടുത്തിയ പുതിയ നമ്പർ നൽകണമെന്നുമായിരുന്നു ശുപാർശ.