08 May 2024 Wednesday

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2.15 കിലോ സ്വർണം; കരിപ്പൂരിൽ വൻ സ്വർണവേട്ട

ckmnews


കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 2.15 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽ നിന്നും എത്തിയ രണ്ടു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന മലപ്പുറം മരുത സ്വദേശിയായ കൊളമ്പിൽതൊടിക അബ്ബാസ് റിംഷാദിൽ (27) നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകൾ കണ്ടെടുത്തു.

വയനാട് മാനന്തവാടി സ്വദേശിയായ പല്ലക്കൽ മുസ്തഫയിൽ (28) നിന്നും 1173 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചത്.


ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം രണ്ടുപേർക്കും ടിക്കറ്റടക്കം ആളൊന്നിന് ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.