09 May 2024 Thursday

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ckmnews



താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെട്ട ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രിചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


‘ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ ഒന്നും പരിഹാരമാകില്ലെങ്കിലും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. ആശുപത്രികളില്‍ പത്ത് പേരെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു. എട്ട് പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ബോട്ടപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക. താനൂര്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷഷമാണ് തീരുമാനങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും കക്ഷിനേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുത്തു.