09 May 2024 Thursday

തീർപ്പാവാതെ ഫയലുകൾ; തീവ്രയ‍ജ്ഞ പരിപാടിയുടെ തുടർപ്രവർത്തനം നിലച്ചു

ckmnews

തീർപ്പാവാതെ ഫയലുകൾ; തീവ്രയ‍ജ്ഞ പരിപാടിയുടെ തുടർപ്രവർത്തനം നിലച്ചു


തിരുവനന്തപുരം:സർക്കാർ ഓഫിസുകളിലെ ഫയലുകൾ തീർപ്പാക്കുന്ന തീവ്രയ‍ജ്ഞ പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ നിലച്ചു. ഫെബ്രുവരിക്കുശേഷം ഫയൽ തീർപ്പാക്കലിൽ കാര്യമായ പുരോഗതിയില്ല. ഓരോ വകുപ്പിലും തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന് പ്രത്യേക മാതൃകയിൽ നൽകണമെന്ന നിർദേശവും അട്ടിമറിക്കപ്പെട്ടു. കെട്ടികിടക്കുന്ന ഫയലുകളുടെയും തീർപ്പാക്കിയ ഫയലുകളുടെയും വിവരം ഓരോ മാസവും വ്യക്തമാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദേശമെങ്കിലും ഫെബ്രുവരിക്കുശേഷം വകുപ്പുകൾ കണക്കുകൾ നൽകിയിട്ടില്ല.


2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത്. പിന്നീട് കാലാവധി 2022 ഡിസംബർ 15 വരെ നീട്ടി. 2022 മാർച്ച് മുതൽ ഡിസംബർ വരെ സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുണ്ടായിരുന്നത് 1,75,415 ഫയൽ. തീർപ്പാക്കിയത് 82,401. തീർപ്പാക്കൽ ശതമാനം–46.97. വിവിധ വകുപ്പുകളിൽ ഈ കാലയളവിൽ തീർപ്പാക്കാനുണ്ടായിരുന്നത് 15,69,879 ഫയലുകൾ. തീർപ്പാക്കിയത് 8,73,270. തീർപ്പാക്കൽ ശതമാനം–55.63.



‌ആകെ 17,45,294 ഫയലുകൾ ഉണ്ടായിരുന്നതിൽ 9,55,671 ഫയലുകൾ തീർപ്പാക്കി. 54.76 ശതമാനമാണ് തീർപ്പാക്കൽ. 2023 ഫെബ്രുവരിയിൽ ഇതു വ്യക്തമാക്കി റിപ്പോർട്ട് പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് ഫയലുകളെ സംബന്ധിച്ച വിവരം ശേഖരിക്കുകയോ തുടർ നടപടി എടുക്കുകയോ ചെയ്തില്ല. ആഴ്ചകള്‍ക്ക് മുൻപ് നടന്ന യോഗത്തിലും ഫയൽ കെട്ടികിടക്കുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് പുതിയ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.