08 May 2024 Wednesday

മേലാറ്റൂരില്‍ നാല് യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ സംഭവം വഴിത്തിരിവ് : ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ല

ckmnews

മലപ്പുറം∙ മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, രാസപരിശോധനാ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.


വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരിമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുല്ല എന്നിവരാണ് പിടിയിലായത്.


പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയയ്ക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.


ലഹരി മരുന്നു കേസിൽ ജയിലിലായതോടെ ജോലി നഷ്ടമായെന്ന് ഇവർ പറയുന്നു. എംഡിഎംഎ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തി.