27 April 2024 Saturday

ഇന്ത്യയിൽ നാലായിരത്തോളം പുതിയ കൊവിഡ് കേസുകൾ

ckmnews

ഇന്ത്യയിൽ നാലായിരത്തോളം പുതിയ കൊവിഡ് കേസുകൾ


രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,962 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയേക്കാൾ 6% കൂടുതലാണ് ഇത്. അതേസമയം, സജീവ കേസുകളുടെ എണ്ണം 40,177 ൽ നിന്ന് 36,244 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,82,294 സാമ്പിളുകൾ പരിശോധിച്ചു. 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം(ഏഴ് പേർ). ഇതോടെ ആകെ മരണസംഖ്യ 5,31,606 ആയി ഉയർന്നു. 24 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം 40,000 ൽ താഴെ എത്തുന്നത്. ഏപ്രിൽ 10 ന് 37,093 ആയിരുന്നു രാജ്യത്തെ സജീവ കേസുകൾ. പിന്നീട് തുടർച്ചയായി 40000-ത്തിലധികം സജീവ കേസുകൾ റിപ്പോർട്ട് ചെയ്തു.


ഇതിനിടയിൽ 7,873 പേർ രോഗമുക്തരായി. രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.13 ശതമാനവും. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപക വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.