09 May 2024 Thursday

വന്ദേഭാരതിന്റെ സമയം ഒരാഴ്ച കൂടി വിലയിരുത്തിയ ശേഷം പുനഃക്രമീകരിക്കും

ckmnews


തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ചു വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിന്റെ ഓട്ടം വിലയിരുത്തിയ ശേഷം ഇടസ്റ്റേഷനുകളിലെ സമയം പുനഃക്രമീകരിക്കും. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ ട്രെയിൻ നിൽക്കുന്നതും തുടരെയുള്ള വേഗനിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്ദേഭാരതിന്റെ ഓട്ടത്തെ ബാധിക്കുന്നുണ്ട്. 

2 മിനിറ്റ് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ 5 മുതൽ 12 മിനിറ്റ് വരെയാണു ട്രെയിൻ നിൽക്കുന്നത്. കാസർകോട് സമയത്ത് എത്തുന്നുണ്ടെങ്കിലും ഇടയ്ക്കുള്ള സ്റ്റേഷനുകളിലാണു കൃത്യസമയം പാലിക്കാത്തത്. ഓട്ടമാറ്റിക് ഡോറുകൾ ആളുകൾക്കു പരിചിതമല്ലാത്തതും ഭക്ഷണം ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നതും ട്രെയിൻ വൈകാനിടയാക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണു സമയം നഷ്ടം കൂടുതലും. ഇതിനു പ്രധാന കാരണം ട്രാക്ക് നവീകരണവുമായി ഏർപ്പെടുത്തിയിട്ടുള്ള വേഗനിയന്ത്രണങ്ങളാണ്. ഇരുദിശയിലുമായി 34 വേഗനിയന്ത്രണങ്ങളാണുള്ളത്.  



എറണാകുളം മാർഷലിങ് യാഡിനു സമീപം 2 കിലോമീറ്ററോളം തുടർച്ചയായി വേഗ നിയന്ത്രണങ്ങളുണ്ട്. ഇത് വന്ദേഭാരതിന്റെ ഓട്ടത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഷൊർണൂരിലും സമാനമായ പ്രശ്നമുണ്ടെങ്കിലും പരിഹാരം എളുപ്പമല്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.