26 April 2024 Friday

ജനസംഖ്യയിൽ ലോകത്തെ മഹാനഗരങ്ങളിൽ ഡൽഹി രണ്ടാമത്; ഒൻപതാം സ്ഥാനം മുംബൈയ്ക്ക്

ckmnews


ലോകജനസംഖ്യയിൽ പകുതിയിലേറെയും (56.2%) വസിക്കുന്നത് നഗരങ്ങളിൽ. 2030 ൽ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയിൽ അധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലെ ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തിൽ ഇന്ത്യൻ തലസ്ഥാനമായ ഡൽഹി രണ്ടാമതുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഒൻപതാമതും. നിലവിൽ മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 നഗരങ്ങളാണ് ഉള്ളത്. 2030ൽ ഇവയുടെ എണ്ണം 41 ആയി വർധിക്കുമെന്നാണ് പ്രവചനം.


ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം. 3.71 കോടി ജനങ്ങളാണ് ഈ നഗരത്തിൽ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 3.29 കോടി ജനം വസിക്കുന്നു. മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയിൽ അഞ്ചാമതുണ്ട്. 2.12 കോടി ജനവുമായി മുംബൈ ഒൻപതാം സ്ഥാനത്താണ്.