27 April 2024 Saturday

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

ckmnews

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം


2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി


കൊട്ടാരക്കര:പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തിൽ ഇറങ്ങി മണിക്കൂറുകൾക്കകം തൂങ്ങിമരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത പരിശോധിക്കാൻ‍ പൊലീസ്. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ അജികുമാറിന്റെ (37)മരണത്തിലാണ് അന്വേഷണം. മകന്റെ മരണത്തിന് പിന്നിൽ പൊലീസിന്റെയും നഗരസഭ കൗൺസിലറുടെയും ശാരീരികവും മാനസികവുമായ പീഡനം ഉണ്ടെന്ന് ആരോപിച്ച് അജികുമാറിന്റെ പിതാവ് ഗോപാലക‍ൃഷ്ണപിള്ള കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.


അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ഡിവൈഎസ്പി ജി.‍ഡി.വിജയകുമാറിനും കൗൺസിലറും മുൻ നഗരസഭ ചെയർമാനുമായ എ.ഷാജുവിന് എതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്.വിദ്യാധരനും കൊല്ലം റൂറൽ എസ്പി എം.എൽ.സുനിൽ നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയുമായി പിണങ്ങിയ അജി, ഭാര്യ ജോലി ചെയ്യുന്ന കൊട്ടാരക്കര ടൗണിലെ ബ്യൂട്ടി പാർലറിലെത്തിയിരുന്നു. ഭാര്യയെ കാണാൻ കഴിയാതെ വന്നതോടെ ബഹളം വച്ചു. ആരോ ഫോൺ വിളിച്ചതനുസരിച്ച് എ.ഷാജു എത്തി അജിയെ ക്രൂരമായി മർദിച്ചെന്നും തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുപ്പിക്കുകയും ചെയ്തതായാണ് പരാതി.


അജിയെ പൊലീസും മർദിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ  ഡിവൈഎസ്പിതല  അന്വേഷണം  തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്.വിദ്യാധരൻ ബ്യൂട്ടി പാർലർ ജീവനക്കാരുടെയും പരിസരത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മൊഴിയെടുത്തു.  ബ്യൂട്ടി പാർലറിൽ സംഭവം നടക്കുമ്പോൾ കേരള കോൺഗ്രസ്(ബി) ഓഫിസിലെ യോഗത്തിലായിരുന്നു ജില്ലാ പ്രസിഡന്റ് കൂടിയായ ഷാജു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ചു. മരിച്ച അജിയുടെ ബന്ധുക്കൾ ഇന്നലെ ഡിവൈഎസ്പി ഓഫിസിൽ എത്തി മൊഴി നൽകി.


ഏത് അന്വേഷണവും നേരിടാം: എ.ഷാജു


കൊട്ടാരക്കര∙ യുവാവ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഉയർന്ന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കൊട്ടാരക്കര നഗരസഭ കൗൺസിലർ എ.ഷാജു പറഞ്ഞു. ബ്യൂട്ടി പാർലറിന് മുന്നിൽ ഒരാൾ വഴക്കുണ്ടാക്കുന്നുവെന്ന് ഉടമ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് എത്തിയത്. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമം കാട്ടിയാൽ ഇടപെടേണ്ടത് പൊതുപ്രവർത്തകന്റെ കടമയാണെന്നും അതു മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഷാജു പറഞ്ഞു. അജിയെ മർദിച്ചിട്ടില്ല. പിടികൂടി പൊലീസിൽ ഏൽപിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ജനങ്ങൾ സാക്ഷിയാണ്. നീതിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്നും ഷാജു പറഞ്ഞു.