09 May 2024 Thursday

തുടക്കം ഗംഭീരം, കൊച്ചി വാട്ടർമെട്രോയില്‍ ആദ്യദിനം 6559 യാത്രക്കാർ, ഫീഡർ സർവീസുകളുമായി കെഎസ്‌ആർടിസിയും രംഗത്ത്

ckmnews



എറണാകുളം:ആദ്യദിനം അതിഗംഭീരമാക്കി കൊച്ചി വാട്ടർ മെട്രോ. 6559 യാത്രക്കാരാണ് ഇന്നലെ ഒരു ദിവസം മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കുറഞ്ഞ ചിലവിൽ സാധ്യമാകുന്ന മനോഹരമായ യാത്രയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറയാനുള്ളതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചിയുടെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണർവ്വാണ് ആദ്യദിനത്തിൽ തന്നെ വാട്ടർമെട്രോ കൊണ്ടുവന്നിരിക്കുന്നത്. മികച്ച കണക്‌ടിവിറ്റിയാണ് വാട്ടർമെട്രോയുടെ പ്രത്യേകത. ചിത്രപ്പുഴ പാലത്തിനുതാഴെ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെർമിനൽ. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്‌ ടെർമിനലിൽ. കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളുമുണ്ടാകും. കെഎംആർഎല്ലിന്റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രികർക്ക്‌ ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോർട്ട്‌-എയർപോർട്ട്‌ വഴി മിനിറ്റുകളുടെ ഇടവേളയിൽ കെഎസ്‌ആർടിസിയും സ്വകാര്യബസുകളും സർവീസ്‌ നടത്തും.