09 May 2024 Thursday

64,006 അതിദരിദ്ര കുടുംബങ്ങള്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍; മുഖ്യമന്ത്രി

ckmnews



സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, അവര്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ മുന്‍ഗണന നല്‍കിയും, ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും ഗവണ്‍മെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നത് വഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും, എവിടെയും പുഞ്ചിരി വിടരുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.


സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ എന്നീ പഞ്ചായത്തുകളില്‍ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. ബൃഹത്തും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റമറ്റ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്.


വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, അവര്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ മുന്‍ഗണന നല്‍കിയും, ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും ഗവണ്‍മെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുക. പൗരന് അടിസ്ഥാന അവകാശ രേഖകള്‍ ലഭ്യമാക്കുകയെന്നത് ഏറെ പ്രധാനമാണ്. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.


അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠന സൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഭക്ഷണം ഉറപ്പാക്കല്‍ ,അശരണരുടെ പുനരധിവാസം, തൊഴില്‍ കാര്‍ഡ് ലഭ്യമാക്കല്‍ എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നത് വഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും, എവിടെയും പുഞ്ചിരി വിടരും.