09 May 2024 Thursday

കാർഡിയോളജി എം.ഡി വിദ്യാർഥിനിയെന്ന വ്യാജേന വിവാഹവാഗ്ദാനം നൽകി പണം തട്ടി; വീട്ടമ്മയും സുഹൃത്തും അറസ്റ്റിൽ; മകൻ ഒളിവിൽ

ckmnews


ആലപ്പുഴ: കാർഡിയോളജി എം.ഡി വിദ്യാർഥിനിയെന്ന വ്യാജേന വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിൽ വീട്ടമ്മയും സുഹൃത്തും അറസ്റ്റിലായി. ഇതേ കേസിൽ വീട്ടമ്മയുടെ മകൻ ഒളിവിലാണ്. കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തിൽ ബിന്ദു (41), സുഹൃത്ത് തൃശൂർ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുൻ മോഹൻ ഒളിവിലാണ്.


മാവേലിക്കര തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് ബിന്ദുവും റനീഷും അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി നൽകിയ സമാനമായ മറ്റൊരു പരാതിയിൽ ചോദ്യം ചെയ്യുന്നതിനു കൊല്ലം സൈബർ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതനുസരിച്ചു ഇന്നലെ കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതികളെ കുറത്തികാട് എസ്ഐ: ബി. ബൈജുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയിൽ നിന്നു സമാനമായ രീതിയിൽ 10 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


സമൂഹമാധ്യമങ്ങൾ വഴിയാണ് ബിന്ദുവും റനീഷും തട്ടിപ്പ് നടത്തിയത്. വിവാഹ പരസ്യം നൽകിയ ശേഷം ബന്ധപ്പെടുന്നവരെയാണ് പ്രതികൾ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. എംഡി കാർഡിയോളജി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. കോഴ്സ് പൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്നു ഉറപ്പുനൽകി.


അതിനിടെ പഠനാവശ്യത്തിന് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അക്കൗണ്ടിൽ ലഭിച്ചതിനു ശേഷം ബിന്ദു പരാതിക്കാരനെ ഒഴിവാക്കുകയായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് വാത്തിക്കുളം സ്വദേശി കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് ഇാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മറ്റൊരു കേസിൽ ബിന്ദുവിനെ കൊല്ലം പൊലീസ് ചോദ്യം ചെയ്യനായി വിളിപ്പിച്ചെന്ന വിവരം ലഭിച്ചത്. തുടർന്ന് കുറത്തികാട് പൊലീസ് കൊല്ലം സൈബർ സ്റ്റേഷനിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.