09 May 2024 Thursday

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി, കയത്തിൽപ്പെട്ടു; 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

ckmnews

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി, കയത്തിൽപ്പെട്ടു; 2 വിദ്യാർഥികൾ മുങ്ങിമരിച്ചു


കോഴിക്കോട് ∙ തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ അശ്വന്ത് കൃഷ്ണ (15), പാലാഴി പൂക്കോളത്ത് പറമ്പില്‍ അഭിനവ് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികളാണ് കയത്തില്‍ അകപ്പെട്ടത്. മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷിച്ചു.


പിന്നീടാണ് രണ്ടുപേര്‍ കൂടി ഉണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് അശ്വന്തിനെയും അഭിനവിനെയും പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു കുടുംബങ്ങളിലെ 14 അംഗ സംഘമാണ് ഉച്ചയോടെ അരിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്.