08 May 2024 Wednesday

അമരമ്പലത്ത് മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ മോഷണം;പ്രതി മണിക്കൂറുകൾക്കകം പിടിയില്‍

ckmnews


മലപ്പുറം"അമരമ്പലത്ത് മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍. ജൽപഗുരി സ്വദേശി അമീർ ഹുസൈനെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്‍റെ പൂട്ട് പൊളിച്ച് ഗ്ലാസ് ഡോര്‍ തകർത്താണ് അമീര്‍ ഹുസൈന്‍ അകത്തുകടന്നത്. അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ കവർന്നെടുക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി സിസിടിവിയുടെ, മോണിറ്റർ എടുത്ത് മാർക്കറ്റിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു.


സ്ഥാപന ഉടമയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നാട്ടിലേക്ക് പണമയക്കാനായി പ്രതി പലപ്പോഴും ഈ സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു. സംഭവം നടന്ന അന്നുതന്നെ അമരമ്പലം പഞ്ചായത്ത് ഓഫിസിലും അമീര്‍ ഹുസൈന്‍ മോഷണ ശ്രമം നടത്തിയിരുന്നു. ഓഫീസിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചെങ്കിലും ഇവിടെ നിന്ന് പണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് മോഷണത്തിനായി മണി ട്രാൻസ്ഫർ സ്ഥാപനം തിരഞ്ഞെടുത്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.