09 May 2024 Thursday

ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി 5.45 ലക്ഷം തട്ടി; 2 പേർ അറസ്റ്റിൽ

ckmnews

ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി 5.45 ലക്ഷം തട്ടി; 2 പേർ അറസ്റ്റിൽ


കൊച്ചി∙ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 5.45 ലക്ഷം രൂപ തട്ടിയ യുവാവും യുവതിയുമാണ് പിടിയിലായത്. ഗൂഡല്ലൂർ സ്വദേശിയായ നസീമ നസ്റിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.


കഴിഞ്ഞമാസമാണ് തട്ടിപ്പ് നടന്നത്. നസീമയെ ചികിത്സിക്കുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.  രോഗാവസ്ഥയിലാണെന്നും ചികിത്സിക്കാൻ വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഡോക്ടർ വീട്ടിലെത്തിയപ്പോൾ നസീമയുടെ സഹായിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് അമീൻ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം വീട്ടിൽ വച്ചു തന്നെ 45,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. പിന്നീട് കാറിന്റെ താക്കോൽ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോൽ ഡോക്ടർക്ക് തിരികെ നൽകിയത്.



വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടു. ഇതോടുകൂടിയാണ് ഡോക്ടർ പരാതിയുമായി പൊലീസിൽ എത്തിയത്. പ്രതികൾ രണ്ടുപേരും ഇടുക്കിയിലായിരുന്നു. തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവരുടെ ഫോണിൽനിന്നു ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.