27 April 2024 Saturday

സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി; പട്ടികയിൽ എൻസിപിയും തൃണമൂൽ കോൺഗ്രസും

ckmnews


ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.


സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയായി അംഗീകാരമില്ലാത്ത സംസ്ഥനങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.


ഇന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത് പ്രകാരം കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ആം ആദ്മി പാർട്ടി എന്നിവരാണ് ഇന്ത്യയിലെ ദേശീയ പാർട്ടികൾ.