08 May 2024 Wednesday

അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപണം; ബസ് തടഞ്ഞ് ഡ്രൈവർക്ക് മർദനം, നിലമ്പൂരിൽ 4 പേർ അറസ്റ്റിൽ

ckmnews


മലപ്പുറം: നിലമ്പൂരിൽ ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളുമടക്കം നാല് ‌പേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

രാമൻകുത്ത് വീട്ടിച്ചാൽ സ്വദേശി പൂളക്കുന്നൻ സുലൈമാൻ(44), സഹോദരൻ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭർത്താവ് മുമുള്ളി സ്വദേശി തോടേങ്ങൽ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതിൽ സൽമാൻ(24) എന്നിവരേയാണ് സി ഐ. പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവർ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേൽപ്പിച്ചത്. രാവിലെ മഞ്ചേരിയിൽ നിന്നും ബസ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നിന്നും യുവതിയും മകനും കയറിയിരുന്നു. കുട്ടി ബോണറ്റിന് സമീപമുള്ള കമ്പിയിൽ പിടിച്ചാടുന്നത് കണ്ട് ഉമ്മയുടെ കൂടെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടതിന് മാതാവ് പ്രകോപിതയായി കുട്ടിയുമൊത്ത് കരിമ്പുഴയിൽ ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.

യുവതി സ്വയം ഇറങ്ങിപ്പോയതാണ്, താന്‍ ഇറക്കി വിട്ടില്ലെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. വഴിക്കടവ് പോയി ബസ് തിരികെ 10.30ന് ചന്തക്കുന്ന് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് ഡ്രൈവറെ സംഘം ആക്രമിച്ചത്. പ്രതികൾ ഷാനവാസിനെ ബസിൽനിന്നും വലിച്ചിറക്കി അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരും നാട്ടുകാരും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഷാനവാസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.


അതേസമയം മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 33 പേർക്ക് പരുക്കേറ്റു. എടരിക്കോട്-തിരൂർ റൂട്ടിൽ ക്ലാരി മൂച്ചിക്കൽ ആണ് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസും മലപ്പുറത്ത് നിന്നും തിരൂരിലേക്ക് പുറപ്പെട്ട ബസുമാണ് കൂട്ടിയിടിച്ചത്. മറ്റ് രണ്ട് കാറും അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം പാടേ തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് കുറ്റിപ്പാല-എടരിക്കോട് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുറ്റിപ്പാല-കോഴിച്ചെന റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു