09 May 2024 Thursday

കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഘടകം;ജെൻഡർ ബജറ്റിന് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹം മന്ത്രി വീണാ ജോർജ്ജ്

ckmnews

കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഘടകം;ജെൻഡർ ബജറ്റിന് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹം മന്ത്രി വീണാ ജോർജ്ജ്


തിരുവനന്തപുരം:ജെൻഡർ സെൻസിറ്റീവ് നയങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ജെൻഡർ ബജറ്റിന് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക പ്രാതിനിധ്യത്തിലെ പുരോഗതിക്കുമുള്ള സർക്കാരിന്റെ താൽ‌പര്യമാണിത് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ പുരോഗതി വനിതാ ശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള സമൂഹ ശാക്തീകരണത്തിലൂടെയാണ് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. ജി 20 എംപവർ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

1998ൽ ആരംഭിച്ച കുടുംബശ്രീ പരിപാടി കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഘടകമായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ കുടുംബശ്രീ സംരംഭകത്വത്തെ വിജയകരമായി പ്രോത്സാഹിപ്പിക്കുകയും പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കും, സമൂഹങ്ങൾക്കും അധികാര വികേന്ദ്രീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിവിധ തൊഴിൽ ഗ്രൂപ്പുകളിലെ സ്ത്രീകൾക്കുള്ള വേതനം, സുരക്ഷ, തൊഴിൽ ആരോഗ്യം, ഇൻഷുറൻസ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ കേരള സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രി പറഞ്ഞു.