01 May 2024 Wednesday

കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം’:നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; ലക്ഷ്യം അധികാരം സീറ്റ്,

ckmnews

കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം’:നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; ലക്ഷ്യം അധികാരം സീറ്റ്, 


ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ എംഎല്‍എമാരുടെയും നേതാക്കളുടെയും കൂടുമാറ്റം. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കളാണു പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണം. ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്കാണു മാറുന്നത്. ഇതിനകം അരഡസനില്‍ കൂടുതല്‍ എംഎല്‍എമാരും എംഎല്‍സിമാരും പുതുതായി കോണ്‍ഗ്രസിലെത്തി. 

‘ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളുടെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക. പാര്‍ട്ടിയും പദവിയുമൊന്നും പണത്തിനും സ്ഥാനങ്ങള്‍ക്കും അപ്പുറം പോകില്ലെന്ന് പഠിച്ച നേതാക്കളും ജനപ്രതിനിധികളും ഇപ്പോള്‍ സ്വന്തം നിലയ്ക്കാണ് ‘ഓപ്പറേഷനുകള്‍’ നടത്തുന്നത്. ഫെബ്രുവരി 20നു ചിക്കമംഗളൂരുവിലെ ബിജെപി നേതാവ് ഡി.തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എച്ച്.നിംഗപ്പ, ബിജെപി എംഎല്‍സി പുട്ടണ്ണ എന്നിവര്‍ കോണ്‍ഗ്രസിലെത്തിയതോടെയാണു ‘മരുപ്പച്ച’ തേടിയുള്ള നേതാക്കളുടെ ചാട്ടങ്ങള്‍ക്കു വേഗമായത്.



പിന്നാലെ, കലബുറഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍സി ബാബുറാവുവും ചിഞ്ചൻസറും ജെഡിഎസ് എംഎല്‍എ എസ്.ആര്‍.ശ്രീനിവാസും കോണ്‍ഗ്രസിലെത്തി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കിരണ്‍കുമാറും പുട്ടണ്ണയും സ്ഥാനം പിടിച്ചതോടെ അവസരമോഹികളുടെ ചാട്ടത്തിനു വേഗം കൂടി. വിജയനഗര ജില്ലയിലെ കൂഡ്‌ലിഗി മണ്ഡലത്തിലെ ബിജെപി എംഎല്‍എ ഗോപാലകൃഷ്ണയും ഹാസന്‍ ജില്ലയിലെ അറക്കല്‍ഗുഡ് മണ്ഡലത്തിലെ ജെഡിഎസ് എംഎല്‍എ ടി.രാമസ്വാമിയും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു.


രാമസ്വാമി ബിജെപിയിലും ഗോപാലകൃഷ്ണ കോണ്‍ഗ്രസിലും ചേരും. ബിജെപിയിലും ജെഡിഎസിലും പുതിയ നേതാക്കൾ എത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നവരുടെ അത്ര പ്രബലരല്ലെന്നു മാത്രം. തിര‍ഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കുക, അധികാരത്തിലെത്താന്‍ സാധ്യതയുള്ള പാര്‍ട്ടിയിലേക്കു മാറി ഭരണത്തിന്റെ ഭാഗമാകുക എന്നിവയൊക്കെയാണു ചുവടുമാറ്റത്തിന്റെ പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.