09 May 2024 Thursday

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ കൊച്ചിയിൽ

ckmnews



തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൽ കൊച്ചിയിൽ എത്തി. സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. എം. കെ സ്റ്റാലിൽ കനത്ത സുരക്ഷയിൽ വൈക്കത്തേയ്ക്ക് പോകും. മന്ത്രി പി രാജീവ്, ജില്ല കളക്ടർ, കമ്മീഷ്ണർ എന്നിവർ ചേർന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും അതിന്റെ പ്രാധാന്യവും പുതു തലമുറയിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.


വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വൈക്കം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.


വൈകിട്ട് മൂന്നിന് വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും. പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.