09 May 2024 Thursday

ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിച്ചു; കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിൽ ആഹാരം നൽകി; മലപ്പുറത്ത് ഭർത്താവിന് ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും

ckmnews


മലപ്പുറം: ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് ശിക്ഷ വിധിച്ച് മഞ്ചേരി കോടതി. അമരമ്പലം താഴെ ചുള്ളിയോട്‌ കുന്നുമ്മല്‍ മുഹമ്മദ്‌ റിയാസിനാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്‌ അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ്‌ അബ്‌ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ്‌ നസീറ(42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.

2005 മാര്‍ച്ച്‌ 15നായിരുന്നു വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട്‌ തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു പ്രതി ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പരാതിക്കാരിക്ക് വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും എടുത്ത് ഉപയോഗിച്ചു. തുടർന്ന്, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡനം പതിവായിരുന്നു. കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില്‍ വരെ ഭക്ഷണം കഴിപ്പിച്ചും മറ്റും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു ഇവർ. റിയാസ് അതി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കും ഇവരെ വിധേയരാക്കിയിരുന്നു.

2010 മുതൽ 2015 വരെയുള്ള കാലയളവിൽ ഭർത്താവ് ഭാര്യയെ ജനാലയിൽ കെട്ടിയിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. യുവതിയുടെ രഹസ്യഭാഗത്ത് പൗഡർ ടിൻ, എണ്ണകുപ്പി, ടോർച്ച്, എന്നീ സാധനങ്ങൾ കുത്തി കയറ്റി വേദനിപ്പിച്ചു ബലാത്സംഗം നടത്തിയിരുന്നുവെന്നായിരുന്നു പരാതി.

എന്നാൽ കേസിന്റെ വാദം നടന്ന സമയം ഭർത്താവിനെതിരെ ഭാര്യക്ക് ബലാൽസംഗത്തിന് കേസ് കൊടുക്കാൻ കഴിയുമോ എന്ന പ്രസക്തമായ ചോദ്യം പ്രതിഭാഗം ഉയർത്തി. തുടർന്ന് ദിവസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിൽ ഭർത്താവിനെതിരെ ബലാൽസംഗ കുറ്റകൃത്യം ഒഴിവാക്കി പകരം പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി ചേർത്ത് ഐപിസി 377 വകുപ്പ് ചുമത്തി.

കേരളത്തിന്‌ പുറത്തുള്ള വിവിധ ഹൈക്കോടതികൾ ഈ വിഷയത്തിൽ എടുത്ത നിരീക്ഷണം പരിശോധിച്ച് ഭർത്താവിനെ കോടതി 377 വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. നിലമ്പൂർ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന പി. അബ്‌ദുള്‍ ബഷീറാണ്‌ കേസ്‌ അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. വാസു ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത ഓളക്കല്‍ പ്രോസിക്യൂഷനെ സഹായിച്ചു.

2012ലെ നിർഭയ സംഭവത്തിന് ശേഷം 2013 ൽ ക്രിമിനൽ ലോ ഭേദഗതി ചെയ്ത് ബലാൽസംഗത്തിന്റെ നിർവചനം പരിഷ്ക്കരിച്ചിരുന്നു. അതിനു ശേഷം ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ യോനി, മലദ്വാരം,മൂത്രനാളി എന്നിവയിൽ എന്തെങ്കിലും വസ്തുക്കൾ പ്രവേശിപ്പിച്ചാൽ ബലാത്സംഗതിന്റ നിർവചനത്തിൽ ഉൾപെടും. പക്ഷെ ഭർത്താവിനെതിരെ ബലാത്സംഗ പരാതി നിലനിക്കില്ല എന്ന നിയമം തുടരുകയുമാണ്. ഇതോടെയാണ് ഈ കേസിൽ ഭർത്താവിനെതിരെ ബലാത്സംഗക്കുറ്റം ഒഴിവാക്കേണ്ടിവന്നത്.