09 May 2024 Thursday

CBSE അഫിലിയേഷനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പ്രത്യേക അനുമതിപത്രം വാങ്ങണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ckmnews

സിബിഎസ്ഇ അഫിലിയേഷനുവേണ്ടി സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ സംസ്ഥാന വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രത്യേക അനുമതിപത്രം വാങ്ങണമെന്ന് നിർബന്ധം പറയുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സ്കൂളുകളുടെ കൗൺസിൽ ഉൾപ്പടെ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.


ഇത്തരത്തിൽ പ്രത്യേക അനുമതി പത്രത്തിനായി 10000 രൂപയോളം ആണ് ഫീസായി സംസ്ഥാനസർക്കാർ നിശ്ചയിച്ച് സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ ഈടാക്കുന്ന തുക സ്കൂളുകളിൽ പരിശോധന നടത്തുന്നതിനും മറ്റുമായിട്ടുള്ള ചിലവാണെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.


എന്നാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിലും 2011ലെ വിദ്യാഭ്യാസ അവകാശ ചട്ടങ്ങളുടെ പശ്ചാത്തലത്തിലും സിബിഎസ്ഇ സ്കൂളുകൾക്ക് കേന്ദ്രതലത്തിൽ സിബിഎസ്ഇ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ അഫിലിയേഷൻ പുതുക്കാൻ നൽകിയാൽ മതിയാകും എന്ന് ഹൈക്കോടതി കണ്ടെത്തി.

ഇത്തരം സ്വയം സാക്ഷ്യപ്പെടുത്തിയ, സ്കൂളുകളുടെ സർട്ടിഫിക്കറ്റുകൾ ലഭിച്ച ശേഷം അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥത, സ്കൂളിലെ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുന്ന പക്ഷം സിബിഎസ്ഇ ആവശ്യപ്പെടുന്ന മുറക്ക് സ്കൂളുകൾ അപേക്ഷിക്കുമ്പോൾ മാത്രമേ സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരിശോധന നടത്തേണ്ട ആവശ്യമുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.