09 May 2024 Thursday

കൊച്ചിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നീട്ടി,എസ്എസ്എൽസി, പ്ലസ് ടു,സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

ckmnews


കൊച്ചി: ആരോഗ്യപരമായ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ , ഡേകെയർ സെന്‍ററുകള്‍ എന്നിവക്കും, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികൾക്ക് പരാതി ഇല്ല.,ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.