09 May 2024 Thursday

പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങി; മണിക്കൂറുകള്‍ക്കകം തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ

ckmnews


ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പതിവുപോലെ തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ. നഗരസഭയുടെ നേതൃത്വത്തില്‍ ഏകദേശം 138 ലോഡ് മാലിന്യമാണ് നീക്കിയത്. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 നാണ് ശുചീകരണം ആരംഭിച്ചത്. 52 വാര്‍ഡുകളിലെ ജോലികളില്‍ 2400 ജീവനക്കാരാണ് പങ്കാളികളായത്.


ചവറുകള്‍ നീക്കിയതിന് പിന്നാലെ റോഡുകള്‍ കഴുകി വൃത്തിയാക്കി. 14 വാഹനങ്ങളാണ് കൃത്രിമമഴ പെയ്യിച്ച് റോഡുകള്‍ കഴുകിയത്. രാത്രി 9 മണിയോടെ നഗരം പഴയപടിയായി.


രാത്രി എട്ടുമണിയോടെ സെക്രട്ടറിയേറ്റ് നടയില്‍ വെള്ളം ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി. കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണി വാഹനം ഉപയോഗിച്ചാണ് വെള്ളം ചീറ്റി റോഡ് വൃത്തിയാക്കിയത്.ഇതിന് മുമ്പ് തന്നെ ചുടുകല്ലുകള്‍ നഗരസഭ നീക്കിയിരുന്നു.


വളന്റിയര്‍മാര്‍ ശേഖരിച്ച ചുടുകട്ടകള്‍ ഭവന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പാളയം, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, ജിപിഒ ജംങ്ഷന്‍, ആറ്റുകാല്‍, മണക്കാട്, യൂണിവേഴ്‌സിറ്റി കോളജ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് നഗരസഭ കല്ലുകള്‍ ശേഖരിച്ചത്.