09 May 2024 Thursday

വർക്കല പാരാഗ്ലൈഡിംഗ് അപകടം: 3 പേർ അറസ്റ്റിൽ

ckmnews


വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി.


വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റില്‍ പാരാ ഗ്ലൈഡിംഗ് നടത്തുന്നതിനിടെ രണ്ട് പേര്‍ കുടുങ്ങുകയായിരുന്നു. 100 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂർ സ്വദേശിനി പവിത്രയേയും (28) ട്രെയ്നറെയും മണിക്കൂറുകളോളം പണിപ്പെട്ടാണ് താഴെയിറക്കിയത്. ഇറക്കുന്നതിനിടെ ഇരുവരും വീണത് അഗ്നിരക്ഷാസേന വലിച്ചുകെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.


അതേസമയം ഫ്ലൈ ഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ദുരൂഹതകളുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.