09 May 2024 Thursday

‘എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; അവിശ്വാസികള്‍ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് സുരേഷ് ഗോപി

ckmnews

കഴിഞ്ഞ ദിവസമാണ് അവിശ്വാസികള്‍ക്കെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. അവിശ്വാസികളുടെ സര്‍വനാശത്തിനായി താന്‍ ശ്രീകോവിലിന് മുന്നില്‍ ചെന്ന് പ്രാര്‍ത്ഥിക്കുമെന്നും അവരോട് തനിക്ക് യാതൊരു സ്‌നേഹവുമില്ല എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. ഇപ്പോള്‍ വിഷയത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി

അടുത്തിടെ താന്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില കാര്യങ്ങള്‍ വിഡിയോയായി പ്രചരിക്കുന്നുണ്ട്. തന്റെ പേരില്‍ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.


‘അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ ചിന്തയോട് എനിക്കനാദരവില്ല. ഒരിക്കലുമങ്ങനെ ചെയ്യുകയുമില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാനാണ് ശ്രമം നടക്കുന്നത്. എന്റെ മതത്തിന്റെ ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള ചടങ്ങുകളെയും ആചാരങ്ങളെയും കളങ്കപ്പെടുത്തുകയും അതിനെതിരെ തടസം നില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്.

രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയവരെയും എന്റെ മതപരമായ അവകാശങ്ങള്‍ക്കെതിരായി വരുന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചായിരുന്നു എന്റെ വാക്കുകള്‍. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനെ പൂര്‍ണ്ണമായും ഞാനെതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ പോലും എനിക്ക് രാഷ്ട്രീയമില്ല’. സുരേഷ് ഗോപി പറഞ്ഞു