09 May 2024 Thursday

ബൈക്ക് അഭ്യാസം, 7 തവണ പിഴയിട്ടിട്ടും മാറ്റമില്ല; വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് 'ബൈക്കര്‍

ckmnews

തിരുവനന്തപുരം : ഏഴ് തവണ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടും തിരുത്താന്‍ തയ്യാറാവാതെ യുവാവ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊതുനിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇത് ആദ്യമായല്ല യുവാവ് പൊതു നിരത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത്. പെണ്‍കുട്ടികളെ ആകർഷിക്കാനും നവമാധ്യമങ്ങളില്‍ തരംഗമാകാനും നാട്ടുകാരുടെ ജീവൻ വച്ച് പന്താടുന്ന ബൈക്ക് അഭ്യാസങ്ങള്‍ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വീഡിയോ. 


സമൂഹ മാധ്യമങ്ങളില്‍ വൈറലാവാന്‍ സ്ഥിരമായി സ്റ്റണ്ട് വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ ചെയ്തിട്ടുള്ള യുവാവാണ് വ്യാഴാഴ്ച കല്ലമ്പലത്ത് അപകടമുണ്ടാക്കിയത്. കല്ലമ്പലം സ്വദേശി നൗഫലാണ് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത്. കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ് അമിതവേഗക്കാരനായ നൗഫൽ വിദ്യാർത്ഥിനികളുടെ ശ്രദ്ധനേടാനായി അഭ്യാസം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ പോകുന്ന റോഡിലൂടെ അമിത വേഗത്തിലെത്തിയ ഇരു ചക്ര വാഹനത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് നൗഫലിന്‍റെ ബൈക്ക് വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ ഇടിച്ചിട്ടത്. അപകടത്തില്‍ പെണ്‍കുട്ടിക്കും ബൈക്ക് ഉടമ നൗഫലിനും പരിക്കേറ്റു.

ബൈക്ക് നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ അപകടത്തേക്കുറിച്ച് പരാതി നല്‍കിയിട്ടില്ല. നൗഫലിന്‍റെ കൈയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബൈക്കഭ്യാസം നടത്തിയതടക്കം മുമ്പ് 7 തവണ നൗഫലിനെതിരെ എം വി ഡി പിഴ ചുമത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും യുവാവിന്റെ വാഹന ഓടിക്കലിന് ഒരു മാറ്റവുമില്ലെന്ന് ചുരുക്കം. ഇയാളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകുമെന്ന് കല്ലമ്പലം പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കി. ഒരു കേസ് എടുത്ത് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംവിഡിയും വിശദമാക്കി.