09 May 2024 Thursday

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും

ckmnews

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി.  


ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ. 

പത്ത് മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഇതുവരെ അനുഭവിച്ച വേദനകളുടെയും മുറിവ് കുഞ്ഞ് അതിഥിയ്ക്ക് മായ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്