26 April 2024 Friday

ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലി പുനരാരംഭിച്ചു

ckmnews

പത്തനംതിട്ട: ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു. 520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 20 കോടിയോളം രൂപയുടെ നാണയമാണ്  എണ്ണി തീർക്കാൻ ഉള്ളതെന്നാണ് നിഗമനം. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം കഴിഞ്ഞിട്ടും കാണിക്ക ഇനത്തിൽ കിട്ടിയ നാണയങ്ങൾ പൂർണമായി എണ്ണി തീർന്നിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം ഇക്കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടി രൂപയാണ്. നാണയങ്ങൾ എണ്ണി തീരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ അന്തിമകണക്ക് പറയാനാവൂ. 


ഭണ്ഡാര വരവായി കിട്ടിയ നാണയങ്ങളിൽ മൂന്നിലൊന്ന് ഭാഗമാണ് ഇതുവരെ എണ്ണി തീർക്കാനായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റെ അനന്തഗോപൻ നേരത്തെ അറിയിച്ചിരുന്നു.  തുടർച്ചയായി നാണയം എണ്ണുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജീവനക്കാർക്ക് ജനുവരി 25 മുതൽ പത്ത് ദിവസത്തെ അവധി നൽകിയിരുന്നു. ഈ ഇടവേള കഴിഞ്ഞാണ് ഇന്നു മുതൽ വീണ്ടും നാണയം എണ്ണി തിട്ടപ്പെടുത്തുന്ന ജോലി പുനരാരംഭിച്ചത്. നാണയങ്ങൾ എണ്ണിത്തീർക്കാൻ വീണ്ടും 6 ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.