27 April 2024 Saturday

ഇനി മുതൽ ‘അമൃത് ഉദ്യാൻ’; മുഗൾ ഉദ്യാനത്തിന്റെ പേര് മാറ്റി കേന്ദ്രം

ckmnews

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്തു. ‘അമൃത് ഉദ്യാൻ’ എന്നാണ് പുതിയ പേര്.അമൃത് ഉദ്യാനം നാളെ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകും.


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിക്കുന്ന ‘അമൃത് മഹോത്സവ്’ പ്രമേയം കണക്കിലെടുത്താണ് കേന്ദ്രം മുഗൾ ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതി ഭവനിൽ സ്ഥിതി ചെയ്യുന്ന അമൃത് ഉദ്യാൻ വിനോദസഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമാണ്.


സാധാരണയായി എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസത്തിൽ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്ന് നൽകാറുണ്ട്. കർഷകർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക സംഘങ്ങൾക്ക് പൂന്തോട്ടം തുറന്നുകൊടുക്കാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് രാഷ്ട്രപതിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത പറഞ്ഞു.