26 April 2024 Friday

വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് വനിതാ കോച്ച്; ഹരിയാന കായിക മന്ത്രി രാജിവച്ചു

ckmnews

വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് വനിതാ കോച്ച്; ഹരിയാന കായിക മന്ത്രി രാജിവച്ചു


ന്യൂഡൽഹി∙ ജൂനിയർ അത്‌ലറ്റിക്സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിനു പിന്നാലെ, മുൻ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് രാജിവച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു.


പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ (ഐഎൻഎൽഡി) ഓഫിസിൽ വാർത്താസമ്മേളനം നടത്തിയ പരാതിക്കാരി, മനോഹർ ലാൽ ഖട്ടർ സർക്കാർ സന്ദീപ് സിങ്ങിനെ ഉടൻ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.



‘‘ജിമ്മിൽ വച്ചാണ് സന്ദീപ് സിങ്ങിനെ ആദ്യമായി കണ്ടത്. ശേഷം ഇൻസ്റ്റഗ്രാമിലൂടെ തന്നെ ബന്ധപ്പെട്ടു. പിന്നീട് നേരിട്ടു കാണണമെന്ന് നിർബന്ധിച്ചു. ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റിലെ ചില അനിശ്ചിതത്വങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടുകാണണമെന്ന് പറഞ്ഞു. ചില രേഖകളുമായി മന്ത്രിയുടെ ഓഫിസായി പ്രവർത്തിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് മന്ത്രി ലൈംഗികാതിക്രമം നടത്തി’’– അവർ ആരോപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.


കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള സിറ്റിങ് ബിജെപി എംഎൽഎയായ സന്ദീപ് സിങ്, ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജിന്റെ 2018-ൽ പുറത്തിറങ്ങിയ ‘സൂർമ’ എന്ന ചിത്രം സന്ദീപ് സിങ്ങിനെ കുറിച്ചുള്ള ബയോപിക് ആണ്. എംടിവി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികർത്താവ് കൂടിയായിരുന്നു സന്ദീപ് സിങ്