26 April 2024 Friday

വഴിയിൽ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 1,53,972 പേർ

ckmnews

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ രാജ്യത്തെ റോഡുകളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 4,12,432 റോഡപകടങ്ങളുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 1,53,972 പേർക്ക് ജീവഹാനിയുണ്ടായി. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,84,448 പേർക്ക് പരിക്കേറ്റുവെന്നും വ്യക്തമാകുന്നു.


റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 2021 ൽ റോഡപകടങ്ങളിൽ 12.6 ശതമാനം വർധനവുണ്ടായി. അപകടങ്ങളിലെ മരണങ്ങളിൽ 16.9 ശതമാനം വർധനവും പരിക്കേൽക്കുന്നതിൽ 10.39 ശതമാനത്തിന്റെ വർധനവുമാണ് ഉണ്ടായിരിക്കുന്നത്.

ശ്രദ്ധേയമായ കാര്യം കഴിഞ്ഞ വർഷമുണ്ടായ 4,12,432 അപകടങ്ങളിൽ 1,28,825 എണ്ണവും സംഭവിച്ചത് എക്സ്പ്രസ്സ് ഹൈവേ ഉൾപ്പെടെയുള്ള ദേശീയ പാതയിലാണ്. 96,382 അപകടങ്ങൾ സംസ്ഥാന ഹൈവേകളിലുമാണ് സംഭവിച്ചത്. ദേശീയ പാതകളിലുണ്ടായ അപകടങ്ങളിൽ 56,007 പേരും സംസ്ഥാന പാതകളിലെ അപകടത്തിൽ 60,002 പേരും 2021 ൽ മാത്രം മരണപ്പെട്ടു. 18 നും 45 ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും അപകടത്തിൽപെട്ടത്.

അമിത വേഗതയും മദ്യപിച്ച് വാഹനമോടിച്ചുമാണ് പല അപകടങ്ങളും. 1,07,236 പേർ മരിച്ചത് അമിത വേഗതയെ തുടർന്നുള്ള അപകങ്ങളിലാണ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ 3,314 പേർ മരിച്ചു. മൊബൈലിൽ സംസാരിച്ച് വാഹനമോട‌ിച്ചുണ്ടായ അപകടത്തിൽ 2,982 പേർ മരിച്ചു.


വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെയാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ച് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. അപകട സമയത്ത് പന്ത് തന്നെയാണ് മെഴ്സിഡസ് ബെൻസ് കാറോടിച്ചിരുന്നതെന്നാണ് വിവരം.