26 April 2024 Friday

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അടിപിടി; ഒരു വിഭാ​ഗം അൾത്താരയിൽ ഇരച്ചു കയറി ബലിപീഠം തകർത്തു

ckmnews

ഏകീകൃത കുർബാനയെ ചാെല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. ഒരു വിഭാ​ഗം അൾത്താരയിൽ ഇരച്ചു കയറി ബലിപീഠം തകർത്തു. സംഘർഷം അതിരുവിട്ടതോടെ പൊലീസ് പള്ളിയിൽ പ്രവേശിച്ച് സ്ഥിതി​ഗതികൾ നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണ്. വൈദികരെ പുറത്തെത്തിക്കാനുള്ള നീക്കമാണ് നിലവിൽ നടത്തുന്നത്. വൈദികരും വിശ്വാസികളും രണ്ട് പക്ഷമായി സംഘടിച്ച് സംഘർഷമുണ്ടാക്കുകയാണ്.

എല്ലാവരും പള്ളിക്ക് പുറത്തിറക്കണമെന്ന നിർദേശമാണ് പൊലീസ് നൽകുന്നത്. എന്നാൽ പലരും പള്ളിയിൽ നിന്ന് പുറത്തു പോകില്ലെന്ന നിലപാടിലാണ്. അൾത്താരയ്ക്ക് മുന്നിൽ ഏകീകൃത ജനാഭിമുഖ കുർബാനകൾ ഒരേ സമയം അർപ്പിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തിൽ ആണ് ഏകീകൃത കുർബാന അർപ്പിച്ചത്.

ഇതിനിടെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് കുർബാനയ്ക്കിടയിൽ പള്ളിക്കുള്ളിലെ മൈക്കും ലൈറ്റും പ്രതിഷേധക്കാരിൽ ചിലർ ഓഫ് ആക്കി. ഇരു വിഭാഗങ്ങളും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെട്ടുത്തിയിരിക്കുകയാണ്.


രണ്ട് വിഭാഗമായി സംഘടിച്ച വിശ്വാസികളെ സമവായത്തിലൂടെ നീക്കാനാണ് പൊലീസിൻ്റെ ശ്രമം. ജനാധിപത്യ കുർബാന നടക്കുന്നതിനിടെ വിശ്വാസികളിൽ ഒരു വിഭാഗം എത്തി മൈക്ക് എടുത്ത് മാറ്റുകയായിരുന്നു. എന്നാൽ, മറുവിഭാഗം വൈദികർക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഒരു വിഭാഗം ലൈറ്റ് ഉൾപ്പെടെ ഓഫാക്കിക്കൊണ്ട് പ്രതിഷേധം കടുപ്പിച്ചപ്പോൾ മറ്റ് വിഭാഗം മൊബൈൽ ലൈറ്റുകൾ ഉൾപ്പെടെ തെളിച്ച് കുർബാനയുമായി മുന്നോട്ടു പോവുകയായിരുന്നു.


വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ പരിശുദ്ധമായ ഒരു ഇടമായി കാണുന്ന അൾത്താരയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. പരിശുദ്ധ ഗ്രന്ഥങ്ങൾ വലിച്ച് മാറ്റുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന ഒരു സാഹചര്യവുമുണ്ടായി. അതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് വൈദികർ പറഞ്ഞു.