27 April 2024 Saturday

ഇനി ഒറ്റ സിഗരറ്റ് വാങ്ങാന്‍ കിട്ടില്ല; വില്‍പന നിരോധിക്കാന്‍ കേന്ദ്രം

ckmnews

പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കടകളില്‍ ഒറ്റ സിഗരറ്റുകള്‍ വില്‍ക്കുന്നത് നിരോധിക്കാനാണ് നീക്കം നടക്കുന്നത്പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെ പുകവലികേന്ദ്രങ്ങള്‍ നിരോധിക്കാനും നീക്കമുണ്ട്. ബജറ്റ് സമ്മേളനത്തിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. 


പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാനുള്ള ശിപാര്‍ശകളാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് സിഗരറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഒന്നായി വാങ്ങുന്നവരല്ല. ഒറ്റ സിഗരറ്റുകളായാണ് കടകളില്‍നിന്നു വാങ്ങുന്നത്. ഇതാണ് പുകയില ഉപഭോഗം കൂടാന്‍ കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് ഒറ്റ സിഗരറ്റ് വില്‍പന നിരോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശിപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍ ഒറ്റ സിഗരറ്റ് വില്‍പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. മൂന്നു വര്‍ഷം മുന്‍പ് ഇ-സിഗരറ്റുകളുടെ ഉപഭോഗം കേന്ദ്രം നിരോധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരമായിരുന്നു ഇത്.