26 April 2024 Friday

എൽഐസി ആദ്യമായി വാട്സാപ്പ് സേവനങ്ങൾ നൽകുന്നു

ckmnews

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അതിന്റെ പോളിസി ഉടമകൾക്കായി ആദ്യമായി ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു. എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കും. 


പോളിസി ഉടമങ്ങൾക്ക് സേവനങ്ങൾ അനായാസേന ലഭിക്കാനാണ് ഡിജിറ്റൽ പ്ലാറ്ഫോം ആയ  വാട്സാപ്പ് വഴിയും സേവനങ്ങൾ എൽഐസി ആരംഭിച്ചത്. ഉപയോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യവും വിപണികളിലെ മത്സരം നേരിടാൻ വേണ്ടിയുമാണ് പുതിയ രീതി എൽഐസി സ്വീകരിക്കുന്നത്. നിലവിൽ എൽഐസിയുടെ ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്കാണ് വാട്ട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. 


എൽഐസിയുടെ ഔദ്യോഗിക  പ്രസ്താവന പ്രകാരം,  പോളിസികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്ത പോളിസി ഉടമകൾ വാട്സാപ്പിൽ സേവനങ്ങൾ ലഭിക്കുന്നതിനായി ആദ്യം രജിസ്റ്റർ ചെയ്യേണ്ടതായുണ്ട്. ഉപഭോക്താക്കൾക്ക് എൽഐസിയുടെ www.licindia.in എന്ന കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് പോളിസി രജിസ്റ്റർ ചെയ്യാം.


ഉപഭോക്താക്കൾക്ക്  എൽഐസി വാട്ട്‌സ്ആപ്പ് സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം


നിങ്ങളുടെ ഫോണിന്റെ കോൺടാക്റ്റിൽ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പർ - 8976862090 സേവ് ചെയ്യുക. 

നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറക്കുക, തുടർന്ന് എൽഐസി ഓഫ് ഇന്ത്യ വാട്ട്‌സ്ആപ്പ് ചാറ്റ് ബോക്‌സ്  തുറക്കുക.

'ഹായ്' എന്ന സന്ദേശം അയക്കുക.

ഇതിനു മറുപടിയായി എൽഐസി 11 ഓപ്ഷനുകൾ നിങ്ങൾക്ക് തിരികെ അയക്കും.

സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നമ്പർ ഉപയോഗിച്ച് ചാറ്റിൽ മറുപടി നൽകുക. 

വാട്ട്‌സ്ആപ്പ് ചാറ്റിൽ ആവശ്യമായ വിശദാംശങ്ങൾ എൽഐസി ഉപയോക്താവുമായി പങ്കിടും