26 April 2024 Friday

മന്ത്രിക്കെതിരായ പരാമർശം പിൻവലിക്കുന്നു: ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്

ckmnews

മന്ത്രിക്കെതിരായ പരാമർശം പിൻവലിക്കുന്നു: ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്


തിരുവനന്തപുരം∙ മന്ത്രി വി.അബ്ദുറഹിമാ‍നെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴ‍വാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്. വിഴിഞ്ഞം സമരസമിതി കൺവീനർ അധിക്ഷേപം നടത്തിയത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.


അതേസമയം, മന്ത്രി അബ്ദുറഹിമാനെതിരായ പരാമർശത്തിൽ ഫാ.തിയഡോഷ്യസ് ഡിക്രൂസിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഐഎഎൻഎല്ലിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് കേസെടുക്കാൻ നിർദേശിച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകൾക്കു പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പറഞ്ഞു. ചില സംശയങ്ങളുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു.



മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരെ തീവ്രവാദബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ ഗുരുതരമാണെന്നും സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞു. പരാതിയിൽ തിരുവനന്തപുരം സിറ്റി കമ്മിഷണർ അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചതായും കാസിം ഇരിക്കൂർ കോഴിക്കോട് പറഞ്ഞു.