26 April 2024 Friday

കോളേജ് വിദ്യാർഥികൾക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം; നടുറോഡിലിട്ട് മർദിച്ചു

ckmnews

കോട്ടയം: നഗരമധ്യത്തിൽ കോളേജ് വിദ്യാർഥികൾക്ക് നേരേ സദാചാര ഗുണ്ടാ ആക്രമണം. ബിരുദവിദ്യാർഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥികളെ കാറിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങൾ നൽകാനായാണ് വിദ്യാർഥികളായ രണ്ടുപേരും സ്കൂട്ടറിൽ നഗരത്തിലെത്തിയത്. തുടർന്ന് ഇരുവരും നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവർക്കും നേരേ അശ്ലീലകമന്റടി ആരംഭിച്ചത്. വിദ്യാർഥികളെ അസഭ്യം പറഞ്ഞ സംഘം, പെൺകുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടർന്ന് തട്ടുകടയിൽനിന്ന് സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥികളെ മൂന്നംഗസംഘം കാറിൽ പിന്തുടർന്നെത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

പ്രതികളായ മൂന്നുപേരും ചേർന്ന് വിദ്യാർഥികളെ റോഡിലിട്ട് മർദിച്ചു. റോഡിൽ വീണ പെൺകുട്ടിയെ ഇവർ വീണ്ടും ആക്രമിച്ചു. തുടർന്ന് നാട്ടുകാരും നഗരത്തിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘവും എത്തിയാണ് വിദ്യാർഥികളെ രക്ഷിച്ചത്. പ്രതികളായ മൂന്നുപേരെയും കൈയോടെ പിടികൂടുകയും ചെയ്തു.