26 April 2024 Friday

പിടിമുറുക്കി ഗതാഗത മന്ത്രാലയം: ടോളിലെ ഇളവുകൾക്ക് ഫാസ്റ്റാഗ് നിർബന്ധം

ckmnews

ടോൾ നിരക്കിൽ ഇളവ് ലഭിക്കാൻ ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവർക്ക് അനുവദിക്കുന്ന ടോൾ നിരക്കിളവ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഫാസ്റ്റാഗ് ഉപയോഗിക്കണമെന്നാണു വ്യവസ്ഥ. 2008ലെ ദേശീയ പാത ഫീസ് (നിരക്ക് നിർണയവും പിരിവും) നിയമത്തിൽ ഇതു സംബന്ധിച്ച പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തു.

ദേശീയപാതകളിലെ ഫീസ് പ്ലാസകളിൽ ഡിജിറ്റൽ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണു പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവർക്കുള്ള ഇളവും തദ്ദേശവാസികൾക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തിൽ പതിച്ച ഫാസ്റ്റാഗ് മുഖേന മാത്രമാവും ഇനി മുതൽ ലഭിക്കുക. പ്രീ പെയ്ഡ് ഇൻസ്ട്രമെന്റ്, സ്മാർട് കാർഡ്, ഫാസ്റ്റാഗ്, ഓൺ ബോഡ് യൂണിറ്റ്(ട്രാൻസ്പോണ്ടർ) തുടങ്ങിയ സംവിധാനങ്ങളിലൂടെ മാത്രമാവും മേലിൽ ടോൾ നിരക്കിലെ ഇളവ് മടക്കി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ സംവിധാനത്തിൽ 24 മണിക്കൂറിനകം മടക്കയാത്ര പൂർത്തിയാക്കുന്നവർ അക്കാര്യം ടോൾ പ്ലാസയിൽ മുൻകൂട്ടി അറിയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. ഫാസ്റ്റാഗ് പതിച്ച വാഹനം 24 മണിക്കൂറിനകം മടക്കയാത്ര പൂർത്തിയാക്കിയാൽ സാധാരണ നിലയിൽ തന്നെ അധികമായി ഈടാക്കിയ ടോൾ നിരക്ക് ഇലക്ട്രോണിക് വ്യവസ്ഥയിൽ മടക്കിനൽകും. വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിക്കാവുന്നതും ആർ എഫ് ഐ ഡി അധിഷ്ഠിതവുമായ ഫാസ്റ്റാഗ് സംവിധാനം 2014ലാണു നിലവിൽ വന്നത്. വാഹനം ടോൾ പ്ലാസ കടക്കുന്ന വേളയിൽ ഫാസ്റ്റാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്നാണു നിശ്ചിത തുക ഫീസായി ഈടാക്കുന്നത്; ഇതുവഴി ടോൾ അടയ്ക്കാനായി വാഹനം നിർത്തുന്നതു മൂലമുള്ള സമയനഷ്ടവും ഒഴിവാക്കാമെന്നതാണു നേട്ടം.
എന്നാൽ കഴിഞ്ഞ ജൂലൈ വരെ ഫാസ്റ്റാഗ് വ്യാപനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. രാജ്യത്തെ ദേശീയ പാതകളിൽ ഒന്നൊഴികെയുള്ള ലെയ്നുകളിൽ ഇലക്ട്രോണിക് ടോൾ കലക്ഷൻ(ഇ ടി സി) സംവിധാനം ഏർപ്പെടുത്തിയാണു ദേശീയപാത അതോറിട്ടി ഫാസ്റ്റാഗ് വഴിയുള്ള ചുങ്കപിരിവ് കാര്യക്ഷമമാക്കിയത്.