26 April 2024 Friday

കാറിൽ ചാരി നിന്നതിനെ ആറുവയസുകാരനെ മർദ്ദിച്ച കേസ്; പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ckmnews

തലശ്ശേരി : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിനെതിരെ നടപടിക്ക് സാധ്യത. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു. കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ്, എഡിജിപിക്ക് റിപ്പോർട്ട് നൽകി.


നവംബർ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്‍റെ കാറിൽ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. 


രാത്രിയിൽ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനിൽ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. ഈ വിഷയത്തിൽ രണ്ട് എഎസ്ഐമാർക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോർട്ടിലുള്ളത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വാഹനത്തിൽ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നൽകിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥർ കാര്യക്ഷമമായും പ്രവർത്തിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ്റെ ആകെ ഉത്തരവാദിത്വമുള്ള എസ്എച്ച്ഒ വിഷയത്തിൽ കാര്യഗൗരവത്തോടെ ഇടപെട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.