26 April 2024 Friday

കേരളത്തിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ എറണാകുളത്ത്; കുറവ് പത്തനംതിട്ടയിൽ

ckmnews

സംസ്ഥാനത്ത് ഈ വർഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ കണക്ക് വിശദീകരിച്ച് പൊലീസ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ് ( 3030 കേസുകൾ). സംസ്ഥാനമൊട്ടാകെ ഈ വർഷം രജിസ്റ്റർ ചെയ്തത് 22,606 ലഹരി കേസുകളാണ്. 24,962 പേരെ അറസ്റ്റ് ചെയ്തു. സിന്തറ്റിക് ഡ്രഗുകളും ഇക്കാലയളവിൽ കാര്യമായി പിടികൂടിയിട്ടുണ്ട്.


പൊലീസ് മാത്രം പിടിച്ച ലഹരി കണക്കുകളാണ് ഇത്‌. സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ വ്യാപകമായി ഒഴുകുന്നുവെന്നു ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ 22,606 കേസുകൾ രജിസ്റ്റർ ചെയ്തു.


എറണാകുളത്താണ്ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 2853 കേസുകളാണുള്ളത്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 501 കേസുകൾ.


ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇത് വരെ അറസ്റ്റിലായത് 24,962 പേരാണ്. ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 3386 പേരാണ് എരണാകുളത്ത് അറസ്റ്റിലായത്. ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവിൽ പിടികൂടിയിട്ടുണ്ട്.