26 April 2024 Friday

ബാങ്കുകള്‍ എഫ്ഡി നിരക്ക് കൂട്ടി: 8.25ശതമാനം വരെ പലിശ ലഭിക്കും

ckmnews


റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി തുടങ്ങി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നേരിയതോതിലാണ് വര്‍ധന പ്രഖ്യാപിച്ചതെങ്കില്‍ ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സഹകരണ ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിച്ചു.സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും.സഹകരണ ബാങ്കുകള്‍

കേരളത്തിലെ സഹകരണ മേഖലയിലയില്‍ മുക്കാല്‍ ശതമാനംവരെയാണ് പലിശ വര്‍ധന. കേരള ബാങ്കില്‍ രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപ പലിശ നിലവിലെ ആറില്‍നിന്ന് 6.75ശതമാനമായി കൂട്ടി. മറ്റ് സഹകരണ ബാങ്കുകള്‍ ഒരുവര്‍ഷത്തിന് മുകളിലുള്ള പലിശ 7.75ശതമാനവുമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശയും ലഭിക്കും.എസ്ബിഐ

എല്ലാ കാലയളവിലുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയന്റിന്റെ വര്‍ധനവാണ് എസ്ബിഐ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 15 മുതലാണ് പ്രാബല്യം. ഇതുപ്രകാരം ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെയുള്ള കാലയളവില്‍ 5.6ശതമാനമാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ 6.1ശതമാനവും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.65 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.15ശതമാനവും ലഭിക്കും.


എച്ച്ഡിഎഫ്‌സി ബാങ്ക്

തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് അര ശതമാനംവരെ വര്‍ധനവാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ആറു മാസം മുതല്‍ 10 വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75ശതമാനം മുതല്‍ 6.75ശതമാനംവരെ പലിശ ലഭിക്കും. 39 മാസത്തെ നിക്ഷേപത്തിനാണ് പരമാവധി പലിശയായ 6.10ശതമാനം നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.60ശതമാനവും പലിശ ഈ കാലയളവില്‍ ലഭിക്കും.


ആക്‌സിസ് ബാങ്ക്

മുക്കാല്‍ ശതമാനംവരെ പലിശയാണ് ആക്‌സിസ് ബാങ്ക് കൂട്ടിയത്. ഇതുപ്രകാരം ഒരു വര്‍ഷം മുതല്‍ 15 മാസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.10ശതമാനം പലിശ ലഭിക്കും. 15-24 മാസക്കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ 6.15ശതമാനമാണ്. രണ്ടുവര്‍ഷം മുതല്‍ മുന്നുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.20ശതമാനവും റിട്ടേണ്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ പരമാവധി 6.90ശതമാനംവരെയാണ് പലിശ ലഭിക്കുക.


യെസ് ബാങ്ക്

യെസ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക നിരക്ക് പ്രകാരം സ്ഥിര നിക്ഷേപത്തിന് പരമാവധി 6.75ശമതാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ 7.75ശതമാനവും ലഭിക്കും. 20 മാസം മുതല്‍ 22 മാസംവരെയാണ് നിക്ഷേപ കലാവധി.ഫെഡറല്‍ ബാങ്ക്

700 ദിവസ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് ഫെഡറല്‍ ബാങ്ക് ഏഴ് ശതമാനമാണ് പലിശ നല്‍കുന്നത്. മുതര്‍ന്ന പൗരന്മാര്‍ക്ക് 7.50ശതമാനവും പലിശ ലഭിക്കും.


(ബാങ്കുകളുടെ വെബ്‌സൈറ്റ് പ്രകാരമാണ് എഫ്ഡി നിരക്കുകള്‍ നല്‍കിയിട്ടുള്ളത്. നേരിട്ട് അന്വേഷിച്ചശേഷംമാത്രം നിക്ഷേപം നടത്തുക).