26 April 2024 Friday

അമ്മയുടെയും കുഞ്ഞിന്റെയും മരണം: പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

ckmnews

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. ആ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെയും കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. കുഞ്ഞ് മരിച്ചപ്പോഴും ഐശ്വര്യയ്ക്ക് കുഴപ്പമുണ്ടാകില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. രക്തം ഏറെ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തവും എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു.ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. മാത്രമല്ല, വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത് എന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.