26 April 2024 Friday

റിസോർട്ട് സർക്കാർ പൊളിച്ചത് ആസൂത്രിതം’;അങ്കിതയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം

ckmnews

റിസോർട്ട് സർക്കാർ പൊളിച്ചത് ആസൂത്രിതം’;അങ്കിതയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം


ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാര ചടങ്ങ് നടത്താൻ വിസമ്മതിച്ച് കുടുംബം. റിസോർട്ട് പൊളിക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ കുടുംബം, മുതിർന്ന ബിജെപി നേതാവിന്റെ മകൻ ഒന്നാം പ്രതിയായ കേസിൽ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പോസ്റ്റ്‌മോർട്ടം വീണ്ടും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശ്വാസനാളത്തിൽ വെള്ളംകയറിയാണ് മരണമെന്നും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.


ഭോഗ്പുരിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ 18നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം ഇന്നലെയാണ് ചീല കനാലിനടുത്തുനിന്ന് കണ്ടെടുത്തത്. അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാൽ റിസോർട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നിർദേശപ്രകാരം റിസോർട്ട് ഇടിച്ചു നിരത്തിയിരുന്നു. നാട്ടുകാർ നേരത്തേതന്നെ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തിരുന്നു.



ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പുൾകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ആര്യ, പുൾകിതിന്റെ ജ്യേഷ്ഠനും ബിജെപി യുവ നേതാവുമായ അങ്കിത് ആര്യ എന്നിവരെ ബിജെപി പുറത്താക്കി